Kerala
കൽപ്പറ്റ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശേരി സീറ്റുകൾ യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജെആർപി നേതാവ് സി.കെ. ജാനു. പാർട്ടിയുടെ അഭിപ്രായം യുഡിഎഫിനെ അറിയിച്ചിട്ടുണ്ട് .
ചർച്ചകൾക്ക് ശേഷം നല്ല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാനു പറഞ്ഞു. ഗോത്ര മഹാസഭയും ജെആർപിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉള്ളതെന്നും ജാനു കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ് ജാനു യുഡിഎഫിലെത്തിയത്. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്ക് അസോസിയേറ്റ് അംഗത്വം നൽകിയാണ് യുഡിഎഫ് സ്വീകരിച്ചത്. 2025 ഓഗസ്റ്റ് 30നാണ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജാനു എന്ഡിഎ വിട്ടത്.
Kerala
കൽപ്പറ്റ: മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. 31 ലക്ഷം രൂപയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേരള-കര്ണാടക അതിര്ത്തിയായ തോല്പ്പെട്ടിയില് നടത്തിയ വാഹനപരിശോധനയിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമറിനാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ബംഗളൂരുവില് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സാമറിന്. എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കൂടുതല് ചോദ്യം ചെയ്തപ്പോഴാണ് രേഖകളില്ലാതെ കടത്തിയ പണം കണ്ടെത്തിയത്.
പണം കൊടുവള്ളിയിൽ ഒരാൾക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് ഇയാൾ മൊഴി നൽകി. തുടര്നടപടികള്ക്കായി പണം ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
Kerala
കല്പ്പറ്റ: പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില് നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തില് മാനന്തവാടി മെഡിക്കല് കോളജിനെതിരെ പോലീസ് കേസെടുത്തു. ചികിത്സാ പിഴവ് ആരോപിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഒക്ടോബര് 20നായിരുന്നു മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ യുവതിയുടെ പ്രസവം നടന്നത്. 25ന് യുവതിയെ ഡിസ്ചാര്ജ് ചെയ്തു. ഇതിന് പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും മാനന്തവാടി മെഡിക്കല് കോളജിലെത്തി ഡോക്ടറെ കാണുകയും ചെയ്തു.
എന്നാല് വെള്ളം കുടിക്കാത്തതാണ് പ്രശ്നമെന്ന് പറഞ്ഞ് യുവതിയെ ഡോക്ടര് മടക്കി അയച്ചു. ഇതിന് പിന്നാലെ യുവതിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടുകയും ഡോക്ടറെ കാണുകയും ചെയ്തു. എന്നാല് വിശദമായ പരിശോധന പോലും നടത്താതെ മടക്കി അയച്ചു.
തുടർന്നാണ് ശരീരത്തിൽ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതി മന്ത്രി ഒ.ആര്. കേളുവിനും പോലീസിനും പരാതി നല്കുകയായിരുന്നു.
Kerala
കൽപ്പറ്റ: മാനന്തവാടി മെഡിക്കല് കോളജില് ചികിത്സാപിഴവെന്ന് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില് നിന്ന് രണ്ടര മാസത്തിനുശേഷം തുണിക്കഷ്ണം കണ്ടെത്തി. മാനന്തവാടി സ്വദേശിയായ ദേവി (21) നാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ഒക്ടോബർ പത്താം തീയതിയാണ് യുവതിയുടെ പ്രസവം നടന്നത്. പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും ചികിത്സലഭിച്ചില്ലെന്നും പരാതിയുണ്ട്.
ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണിക്കഷ്ണം വയറ്റിൽ കുടുങ്ങാൻ കാരണമെന്നാണ് ആക്ഷേപം. ഡോക്ടർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകി.
District News
മാനന്തവാടി: ദ്വാരക സിയോൻ ധ്യാന കേന്ദ്രത്തിൽ നടന്നുവരുന്ന മാനന്തവാടി രൂപത ബൈബിൾ കണ്വൻഷൻ ഇന്ന് സമാപിക്കും. വടുവൻചാൽ അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന കണ്വൻഷൻ ഏഴിനാണ് ആരംഭിച്ചത്.
സമാപന ദിനത്തിലെ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം മുഖ്യകാർമികനാകും. തുടർന്ന് വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. ധ്യാനഗുരു ഫാ. മാത്യു വയലാമണ്ണിൽ കണ്വൻഷനിൽ പങ്കെടുക്കുന്നവരുടെ ശിരസിൽ കൈവച്ച് പ്രാർഥിക്കും. കണ്വൻഷനിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്.
District News
മാനന്തവാടി: ഇതരസംസ്ഥാന തൊഴിലാളിക്ക് മർദനമേറ്റു. എരുമത്തെരുവ് മത്സ്യ, മാംസ മാർക്കറ്റിലെ ജീവനക്കാരൻ യുപി സ്വദേശി മുഹമ്മദലിക്കാണ് (19) മർദനമേറ്റത്. മാനന്തവാടി സ്വദേശികളായ രണ്ടു പേർ ചേർന്നാണ് കഴിഞ്ഞ ദിവസം കടയിൽ കയറി ഇദ്ദേഹത്തെ മർദിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയാണ് സംഭവം.
മാനന്തവാടി എരുമത്തെരുവ് സ്വദേശിയായ നൗഷാദ്, സഹായി ഇല്യാസ് എന്നിവർ ചേർന്നാണ് മുഹമ്മദലിയെ മർദിച്ചത്. മുന്പ് താമസിച്ചിരുന്ന സ്ഥലത്തെ വീട്ടുകാരുമായി പരിചയം പുതുക്കിയതായി മർദനത്തിന് കാരണം.
വ്യാപാരികൾ മർദനം തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തലയ്ക്കും പുറത്തും പരിക്കേറ്റ മുഹമ്മദ് അലി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
മാനന്തവാടി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഡിഎംഒ ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് ഡിഎംഒ ഓഫീസിനു മുന്പിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ റീത്ത് വച്ചു.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. രാവിലെ 11.30 ഓടെ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് ആരംഭിച്ച മാർച്ച് ഡിഎംഒ ഓഫീസിനു കുറച്ചകലെ പോലീസ് തടഞ്ഞു. ഇതേത്തുടർന്നു പോലീസുമായുണ്ടായ സംഘർഷത്തിനിടെയാണ് പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ഡിഎംഒയുടെ കാര്യാലയ വളപ്പിൽ പ്രവേശിച്ചത്.
മാർച്ച് കെപിസിസി അംഗം കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അജ്മൽ വെള്ളമുണ്ട, അഡ്വ.ലയണൽ മാത്യു, ജിജോ പൊടിമറ്റത്തിൽ, നിയോജകമണ്ഡലം പ്രസിഡന്റ് അസിസ് വാളാട്,
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത് എന്നിവർ പ്രസംഗിച്ചു. ഹർഷൽ കോന്നാടൻ, ശ്രീജിത്ത് കുപ്പാടിത്തറ, നിത കേളു, മനാഫ് ഉപ്പി, ജിബിൻ മന്പള്ളി, ജിജി വർഗീസ്, ബിൻഷാദ് കെ. ബഷീർ, ജിനു കോളിയാടി, അനീഷ് മിനങ്ങാടി, ഡിന്േറാ ജോസ്, ഷക്കീർ പുനത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.